സ്വകാര്യബസുകൾ പ്രതിസന്ധി നേരിടുന്നതിനിടെ ആലുവ റൂട്ടിലെ 'ലിറ്റിൽ ഫ്ലവർ' ബസ്സിന് 'എംവിഡി'യുടെ വക എട്ടിന്റെ പണി; അതിൽ നിന്ന് കരകയറാൻ ഉടമ കാണിച്ചത് 'പേ സ്കാനർ' പ്രയോഗം; ഡേവിസിന്റെ വ്യത്യസ്തമായ പ്രതിഷേധ രീതി

 

 


ആലുവ: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഇന്ദിര ഗ്യാരണ്ടി പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടെ, സർവീസ് മുടങ്ങിയെന്ന പേരിൽ ബസ്സിന് ഭീമമായ തുക പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഉടമ രംഗത്ത്. മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന ബസ്സിന് 7,500 രൂപ പിഴ ചുമത്തിയതിനെതിരെയാണ് ഉടമ ഡേവിസ് സമൂഹമാധ്യമങ്ങളിലൂടെ വ്യത്യസ്തമായ സമരരീതി പ്രഖ്യാപിച്ചത്. പിഴത്തുക അടയ്ക്കുന്നതിനായി യാത്രക്കാരോടും പൊതുജനങ്ങളോടും ഗൂഗിൾ പേ സ്കാനർ വഴി 'ഒരു രൂപ വീതം' നൽകാൻ അഭ്യർത്ഥിച്ചുകൊണ്ടാണ് ഇദ്ദേഹം രംഗത്തുവന്നത്. പുതിയ പദ്ധതി നിലവിൽ വന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും മുന്നോട്ട് പോകുന്നത്. ഡീസൽ ചെലവും ജീവനക്കാരുടെ ബാറ്റയും കഴിഞ്ഞ് നിത്യ ചെലവുകൾക്ക് പോലും തുക കണ്ടെത്താനാകാതെ സ്വകാര്യ ബസ് വ്യവസായം തകർച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചസമയത്തെ ഒരു ട്രിപ്പ് ഒഴിവാക്കിയതിന്റെ പേരിൽ പറവൂർ ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ലിറ്റിൽ ഫ്ലവർ ബസ്സിന് ഇ-ചെല്ലാൻ വഴി 7500 രൂപ പിഴ ചുമത്തിയത്. എംവിഡിയുടെ ഈ നടപടിക്കെതിരെ സ്വകാര്യ ബസ് മേഖലയിൽനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക പിഴയടച്ച് സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു സമരരീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഉടമ ഡേവിസ് വ്യക്തമാക്കി. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസ് മേഖല സംരക്ഷിക്കാൻ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും അന്യായമായി പിഴ ചുമത്തിയതിലുള്ള വിയോജിപ്പ് അറിയിക്കുന്നതിനുമാണ് ഈ ക്യാമ്പയിൻ. ഇന്ദിര ഗ്യാരണ്ടി പദ്ധതി നടപ്പാക്കി 20 ദിവസം പിന്നിട്ടിട്ടും സ്വകാര്യ ബസ് മേഖല നേരിടുന്ന തകർച്ചയ്ക്ക് കൃത്യമായ പരിഹാരമാർഗങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ അവഗണന തുടരുന്നതിനിടയിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നുള്ള കടുത്ത നടപടികൾ. ബസ്സുടമയുടെ ഈ വേറിട്ട പ്രതിഷേധ പോസ്റ്റ് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു. ഭീമമായ പിഴ ഈടാക്കി വ്യവസായത്തെ തകർക്കുന്ന നയം അധികൃതർ തിരുത്തണമെന്നാണ് ബസ് ജീവനക്കാരുടെയും ഉടമകളുടെയും ആവശ്യം.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ച ദിവസം വേറിട്ടൊരു 'മധുര പ്രതിഷേധം' സംഘടിപ്പിച്ച് ശ്രദ്ധേയനായിരുന്നു ഈ സ്വകാര്യ ബസ്സുടമ.ഇദ്ദേഹം തൻ്റെ ബസിൽ  പുരുഷന്മാർക്ക് സൗജന്യ യാത്രയും സ്ത്രീകൾക്ക് ടിക്കറ്റിനൊപ്പം ലഡുവും നൽകി വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചിരുന്നു . 

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items